09:22am 28 November 2026
NEWS
മൂന്ന് വയസ്സുകാരൻ ഒരു മിനിറ്റിൽ 55 മറിഞ്ഞുചാട്ടങ്ങൾ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി കുങ്ഫു താരം
27/11/2026  12:40 PM IST
nila
 മൂന്ന് വയസ്സുകാരൻ ഒരു മിനിറ്റിൽ 55 മറിഞ്ഞുചാട്ടങ്ങൾ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി കുങ്ഫു താരം

ചൈനയിലെ മൂന്ന് വയസ്സുകാരൻ കുങ്ഫു പ്രതിഭയ്ക്ക് ഗിന്നസ് ലോക റെക്കോർഡ്. ഒരു മിനിറ്റിനുള്ളിൽ തുടർച്ചയായി 55 കാർട്ട് വീലുകൾ (മറിഞ്ഞുചാട്ടം) പൂർത്തിയാക്കിയാണ് പെങ് യിഷൗ എന്ന കൊച്ചുമിടുക്കൻ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഷൗഷൗ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കുട്ടി, 16 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

പ്രശസ്തമായ ഷാവോലിൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് ഷൗഷൗവിന്റെ ജനനം. ആയോധനകലാ പരിശീലകരായ മാതാപിതാക്കളുടെ മകനാണ് ഈ കൊച്ചുമിടുക്കൻ. കുട്ടിയുടെ നേട്ടത്തെക്കുറിച്ച് പിതാവ് പെങ് യോങ് വ്യാഴാഴ്ച പ്രാദേശിക ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് വിശദീകരിച്ചത്.

ഗിന്നസ് അധികൃതരിൽനിന്ന് ലഭിച്ച ക്ഷണത്തെത്തുടർന്നാണ് റെക്കോർഡ് ശ്രമത്തിന് തയ്യാറായതെന്ന് പിതാവ് പറഞ്ഞു. ആദ്യം ഒരു മിനിറ്റിൽ 25 കാർട്ട് വീലുകൾ പൂർത്തിയാക്കിയാൽ റെക്കോർഡ് സ്വന്തമാക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പരിശീലനത്തിനിടെ ഒരു മിനിറ്റിൽ 55 എണ്ണം പൂർത്തിയാക്കാൻ മകന് കഴിഞ്ഞു. ഇതോടെയാണ് പ്രതീക്ഷിച്ചതിലും മികച്ച നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആറുമാസം പ്രായമുള്ളപ്പോൾ മുതൽ ഷൗഷൗ മാതാപിതാക്കൾക്കൊപ്പം ആയോധനകലാ പരിശീലന കേന്ദ്രത്തിലാണ് വളർന്നത്. ചെറുപ്പം മുതലേ പരിശീലനത്തിന്റെ അന്തരീക്ഷത്തിൽ ജീവിച്ച കുട്ടിക്ക് കുങ്ഫുവിനോട് സ്വാഭാവികമായ താൽപര്യമുണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. രണ്ടുവയസ്സുള്ളപ്പോൾ തന്നെ സ്വന്തമായി കാർട്ട് വീലുകൾ പരിശീലിക്കാൻ തുടങ്ങി. രണ്ടുമൂന്ന് ചുവടുകൾ മുന്നോട്ടുവെച്ചശേഷം തന്നെ തലകുത്തി മറിഞ്ഞുചാടുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിതാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പരിശീലന ദൃശ്യങ്ങളിൽ, തന്റെ ഇരട്ടിയിലേറെ ഉയരമുള്ള മുതിർന്ന വിദ്യാർഥികൾക്കൊപ്പമാണ് ഷൗഷൗ പരിശീലനം നടത്തുന്നത്. ശരീരം പൂർണമായി വിടർത്തി വശങ്ങളിലേക്കും മുന്നോട്ടും സ്പ്ലിറ്റ് ചെയ്യുന്നതും കാലുകൾ നെറ്റിയോളം ഉയർത്തുന്നതുമെല്ലാം ഈ കൊച്ചുപ്രായത്തിൽ തന്നെ കുട്ടിക്ക് അനായാസം സാധിക്കുന്നുണ്ട്. പിതാവ് പേര് വിളിക്കുമ്പോൾ ഉറച്ച നോട്ടത്തോടെ 'ഹിയർ' എന്ന് വിളിച്ച് പ്രതികരിക്കുന്ന ദൃശ്യങ്ങളും ശ്രദ്ധേയമാണ്.

ആറുമാസത്തിലേറെയായി പിതാവിന്റെ കീഴിൽ പരിശീലനം നടത്തുന്ന ഷൗഷൗ സാധാരണ പരിശീലന സെഷനുകളിൽ ഒരു മിനിറ്റിൽ 56 മുതൽ 57 വരെ കാർട്ട് വീലുകൾ പൂർത്തിയാക്കാൻ കഴിവ് നേടിയിരുന്നു. ക്രമേണ ആരുടെയും സഹായമില്ലാതെ ഈ അഭ്യാസം ചെയ്യാനും പഠിച്ചു. ആദ്യമായി സ്വന്തം നിലയിൽ കാർട്ട് വീൽ പൂർത്തിയാക്കിയപ്പോൾ ഏറെ ആവേശത്തോടെ പിതാവിന്റെ അടുത്തെത്തി 'അച്ഛാ, ഞാൻ എഴുന്നേറ്റു നിന്നു!' എന്ന് വിളിച്ചുപറഞ്ഞത് മറക്കാനാകാത്ത അനുഭവമാണെന്നും പെങ് യോങ് ഓർത്തെടുത്തു.

ആയോധനകലകളിലൂടെ മകന് മനക്കരുത്തും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ കഴിയണമെന്നാണ് ആഗ്രഹമെന്ന് പിതാവ് പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുമ്പോൾ ഒരിക്കലും പിന്മാറാത്ത വ്യക്തിയായി മകൻ വളരണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അതേസമയം, പരാജയം അംഗീകരിക്കാൻ മകന് അൽപം ബുദ്ധിമുട്ടുണ്ടെന്നും തോൽക്കുമ്പോൾ വിഷമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാറുണ്ടെന്നും പിതാവ് പറഞ്ഞു.

റെക്കോർഡ് ശ്രമത്തിനായി ചുവന്ന ആയോധനകലാ വേഷം ധരിച്ചെത്തിയ ഷൗഷൗ പരിശീലന മാറ്റിൽ തുടർച്ചയായി മറിഞ്ഞുചാടുന്ന കാഴ്ചയായിരുന്നു. സമയം അവസാനിക്കാറായതോടെ ക്ഷീണത്തിന്റെ ലക്ഷണങ്ങൾ പ്രകടമായെങ്കിലും വേഗം കുറയ്ക്കാതെ അഭ്യാസം പൂർത്തിയാക്കി. മാതാപിതാക്കൾ ആശങ്കയോടെ നോക്കിനിൽക്കുമ്പോഴായിരുന്നു റെക്കോർഡ് നേട്ടം.

പരീക്ഷണസമയത്ത് താനും ഭാര്യയും ഏറെ പരിഭ്രാന്തരായിരുന്നുവെന്നും നേട്ടം ഉറപ്പായതോടെ ആശ്വാസമായെന്നും പിതാവ് പറഞ്ഞു. സന്തോഷം പങ്കിടാനായി മകനെ അമ്യൂസ്മെന്റ് പാർക്കിൽ കൊണ്ടുപോയി കളിപ്പിക്കുകയും ചെയ്തു.

റെക്കോർഡിനായുള്ള പരിശീലനത്തിനിടെ കുട്ടിയുടെ താൽപര്യത്തിനും ശാരീരികക്ഷമതയ്ക്കുമാണ് കുടുംബം മുൻഗണന നൽകിയത്. ക്ഷീണം തോന്നുമ്പോഴോ പരിശീലിക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുമ്പോഴോ നിർബന്ധിക്കാതെ വിശ്രമിക്കാൻ അനുവദിച്ചിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയതിലുപരി, ഒരു വെല്ലുവിളി ഏറ്റെടുത്ത് അതിലൂടെ ശ്രമിക്കാനും തുടർന്നുപ്രവർത്തിക്കാനും സ്വന്തം കഴിവുകൾ മറികടക്കാനുമുള്ള സന്തോഷം മകന് അനുഭവിക്കാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിലെ ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img